നട്ടുച്ച നേരത്തെ
പൊരിവെയിലില് കത്തിയെരിയുന്ന തെങ്ങിനെ നോക്കി അയാള് നെടുവീര്പ്പിട്ടു.കവുങ്ങ് പോലെ
നേര്ത്ത തെങ്ങിനുണ്ടോ താന് പള്ളിയുടെ അവകാശത്തില് പെട്ടതാണെന്ന അറിവ്. താന്
കേരളത്തിലെ മുസ് ലിം ജീവിതത്തിന്റെ ചരിത്രത്തിന്റെ ഭാഗമായിത്തീരുന്ന ഒരു മഹാ പ്രസ്ത്ഥാനത്തിന്റെ
അവസാനത്തെ കണ്ണിയാണെന്ന ഭാവം അല്പം പോലും അതിന്റെ മുഖത്തില്ലെന്ങ്കിലും അതിനെ
സാകൂതം വീക്ഷിക്കുന്ന അബുക്കായിയുടെ മുഖത്ത് അതിന്റെ വേദന നിഴലിച്ചു കാണുന്നുണ്ട്.
പള്ളിയും പള്ളിയുടെ തെങ്ങും അബുക്കായിയുടെ ജീവിതത്തില് ഇഴുകിച്ചേര്ന്നു
കിടക്കുന്നത് തന്നെ കാരണം. താന് തെങ്ങിന്റെ ചൂടും ചൂരും വളവുകളും തിരിവുകളും
അറിയാന് തുടങ്ങിയതു മുതല് പള്ളിത്തെങ്ങും തന്റെ ഭാഗമായിരുന്നു.തേങ്ങ പറിക്കുന്ന
സീസണുകളില് അതിനപ്പുറം ചിന്ത പറക്കാറുണ്ടായിരുന്നില്ല. രക്തത്തിലും മാംസത്തിലും
ചേര്ന്നു നില്ക്കുന്നവയെ എങ്ങനെ നിഷേധിക്കും. പള്ളിയുടേയും മദ്രസയുടേയും
നടത്തിപ്പിന് വേണ്ടി മുന്ഗാമികള് കണ്ടെത്തിയ മഹോന്നത മാര്ഗമായിരുന്നുവത്രേ ഈ
തെങ്ങുകള്.ഓരോ പറന്പില് നിന്നും അഞ്ചും ആറും തെങ്ങുകള് പിതാമഹന്മാര് പള്ളിക്ക്
വഖ്ഫാക്കിവെച്ചു. അവ നശിക്കുന്പോള് പകരം തെങ്ങുകള് നല്കണമെന്ന അലിഖിതമായ നാട്ടുനടപ്പ്
ആളുകള് ചോദ്യം ചെയ്യാതെ അംഗീകരിച്ചു പോന്നു. തേങ്ങ വലിക്കാന് ആളെ കിട്ടാത്തതിന്റെ
പേരില് തലയില് തേങ്ങ വീഴുന്നത് ഭയന്ന് തെങ്ങിനെ കൊലക്ക് കൊടുക്കുന്ന പുതുതലമുറക്ക്
ഇത് ഓര്മ്മയുണ്ടെങ്കിലും ഇല്ലെങ്കിലും തനിക്കത് മറക്കാനാവുമോ.കള്ളക്കറ്ക്കിടകമടക്കം
വറുതിയുടെ മാസങ്ങളില് തന്നെ പോറ്റി വളര്ത്തിയവരോട് നന്ദിയില്ലാതാവാന് അയാള്ക്ക്
കഴിഞ്ഞില്ല. തന്റെ ഉപ്പയുടെ കാലത്തെ കുറിച്ച് അദ്ദേഹം ഓര്ത്തു നോക്കി. നാട്ടിലെ
പ്രമാണികളായി വാണ കാലം. പത്തായം നിറയെ നെല്ലും വയല് നിറയെ പണിക്കാരും
അട്ടം(പുരപ്പുറം) നിറയെ തേങ്ങയുമായാല് എല്ലാം കയ്യിലായെന്ന് കരുതാവുന്ന ഒരു കാലം.
വീട്ടില് നീട്ടിവെച്ച കഞ്ഞിയും ചക്ക പുഴുങ്ങിയതും കഴിക്കാന് കയറി വന്നിരുന്ന
വഴിപോക്കരും സ്ഥിരം കുറ്റികളും ഏറെയുണ്ടായിരുന്നു. കല്പവൃക്ഷം അക്കാലത്തെ
ആഢ്യത്വത്തിന്റെ അടയാളമായിരുന്നു. അന്ന് മുതലാളിമാര്ക്ക് മുന്നില് ഓഛാനിച്ച് നിന്ന
പാവപ്പെട്ടവരുടെ അവസ്ഥകള് ഇന്ന് ഓര്ക്കാനേ വയ്യ. കാലം ഒരുപാട് കറങ്ങി. താന്
കയറിയിറങ്ങിയ തെങ്ങുകളില് ഒരുപാടെണ്ണം ഇടിമിന്നലേറ്റ് അകാലം ചരമം പൂകി.
വീടുണ്ടാക്കാന് സ്ഥലം ഒരുക്കുന്ന തിക്കിലും തിരക്കിലും പലതും കോടാലികള്ക്ക്
ഇരകളായി. ഒന്നിലും പെടാതെ ബാക്കിയായവയെ മണ്ഡരിയാദി രോഗങ്ങള് ജീവച്ഛവങ്ങളാക്കി
മാറ്റി. കാലത്തിലൂടെ ഒഴുകിയ തന്റെ രോമങ്ങളില് നരകയറി. മുഖത്തെയും ശരീരത്തേയും
ചുളിവുകള് പങ്കിട്ടെടുത്തു. കാലത്തിന്റെ ഓരോ കളികള്....
പള്ളിയോടുള്ള
ദേശ്യം കൊണ്ടല്ല താന് തെങ്ങുകയറ്റത്തില് നിന്ന് പിന്മാറിയതെന്ന് എല്ലാവര്ക്കുമറിയാം.
ശരീരം വഴങ്ങുന്നില്ല. അത്ര തന്നെ. ശേഷം വന്ന തെങ്ങു കയറ്റക്കാര്ക്ക് പള്ളിയോട്
കൂറില്ലെന്ന ഞാന് പറഞ്ഞാല് അത് അസൂയയാണെന്നേ എല്ലാവരും വിലയിരുത്തൂ. അതിലൊന്നും
എനിക്ക് വ്യസനമില്ല. എന്നെ ഏറെ ദുഖിപ്പിച്ച കാര്യം മറ്റൊന്നുമല്ല. പള്ളി
കമ്മറ്റിക്ക് പോലും തെങ്ങിനെ വേണ്ടാത്ത അവസ്ഥ വന്നുവത്രേ.മുന്കാമികള് പള്ളിക്കായി
വഖ്ഫ് ചെയ്ത തെങ്ങുകള് കമ്മറ്റിക്ക് വേണ്ടെന്ന പറഞ്ഞാല് ആര്ക്കാണ്
വ്യസനമില്ലാതിരിക്കുക. പള്ളി കമ്മറ്റിക്ക് ന്യായമില്ലാഞ്ഞിട്ടല്ല. ഒരു തെങ്ങില്
കയറാന് കൊടുക്കുന്ന പണവും അത് ഒരുമിച്ച് കൂട്ടാനും പിന്നെ പൊളിച്ച് വില്ക്കാനും
ചിലവാകുന്ന പണവും തേങ്ങയില് നിന്നും കിട്ടുന്നില്ലത്രേ. വെറുതെ
വ്യസനിച്ചിട്ടെന്ത്. ആരോടും പറയാനും വയ്യ താന് ഈ നൂറ്റാണ്ടില്
ജീവിക്കേണ്ടവനല്ലെന്ന് അവര് പറയാതെ പറയും. വേണ്ട ഒന്നും ആലോചിക്കേണ്ട. ഓര്മ്മകളേ
വിട.....
No comments:
Post a Comment